ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
ചരിത്രപശ്ചാത്തലവും ഭൂപ്രകൃതിയും ജലസമ്പത്തും
ചരിത്രപശ്ചാത്തലം
അച്ചന്‍കോവിലാറ് അതിരിടുന്ന കാര്‍ഷിക പ്രധാനമായ പ്രദേശമാണ് വള്ളിക്കോട്. ഏറെ പഴക്കമുള്ള ആരാധനാലയങ്ങളും കര്‍മ്മധീരരായ ചരിത്രപുരുഷന്മാരുടെ സാന്നിദ്ധ്യവും ഈ നാടിനെ ധന്യമാക്കിയിട്ടുണ്ട്. പുരാതന ശിലായുഗ സംസ്കാരത്തിന്റെ പ്രതീകമായ “കല്‍മഴു” കേരളാ ഗസറ്റിയറിന്റേയും പുരാവസ്തുവകുപ്പിന്റേയും പഠനസംഘം കൈപ്പട്ടൂരില്‍ കണ്ടെത്തിയതായി 1979 ഏപ്രില്‍ 14-ാം തീയതിയിലെ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വള്ളിക്കോടു ഗ്രാമപഞ്ചായത്തില്‍പ്പെട്ട സ്ഥലങ്ങളും ചന്ദനപ്പള്ളി-കൊടുമണ്‍ പ്രദേശങ്ങളും കൊല്ലവര്‍ഷാരംഭത്തില്‍ ചെന്നീര്‍ക്കര സ്വരൂപത്തില്‍പ്പെട്ടതായിരുന്നു. വള്ളിക്കോടിനോടു ചേര്‍ന്നുള്ള ചന്ദനപ്പള്ളിയിൽ ചെന്നീര്‍ക്കര സ്വരൂപത്തിന്റെ സ്ഥാപകനും ദേശവാഴിയുമായിരുന്ന ശക്തി ഭദ്രന്‍ ഒരു കോട്ട സ്ഥാപിച്ചിരുന്നു. ഈ കോട്ടയ്ക്ക് വള്ളിക്കോടു കോട്ടയെന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
1984 ലെ കുണ്ടറ വിളംബരത്തിനുശേഷം ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്ഷീണനായ വേലുത്തമ്പിദളവ വള്ളിക്കോടു കോട്ടയില്‍ അഭയം പ്രാപിച്ചിരുന്നതായും ബ്രിട്ടീഷ് സൈന്യം “ചെമ്പത്” വയലില്‍ താവളമടിച്ചിരുന്നതായും ചരിത്രം പറയുന്നു. 1915-ല്‍ പ്രസിദ്ധീകരിച്ച ഓക്സ് ഫോര്‍ഡ് ഭൂപടത്തില്‍, ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ മേഖലയില്‍ അടൂര്‍, വള്ളിക്കോട് എന്നീ സ്ഥലങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
പ്രാചീന സംസ്കാരവും ആരാധനാലയങ്ങളും
നാടിന്റെ പ്രാചീനസംസ്കാരം വിളംബരം ചെയ്യുന്ന മഹാക്ഷേത്രങ്ങളും പള്ളികളും ഇവിടെയുണ്ട്. വയലാവടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് ആയിരം വര്‍ഷങ്ങളില്‍ കൂടുതൽ പഴക്കമുണ്ടെന്നു ക്ഷേത്രരേഖകളില്‍ കാണക്കുന്നു. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാക്ഷേത്രമാണ് തൃപ്പാറ. അവിടെ നടന്നിരുന്ന “തൃപ്പാറക്കൂട്ടം” വളരെ പ്രസിദ്ധമായിരുന്നു. തൃക്കോവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറില്‍ ഏറെ പ്രശസ്തി ആര്‍ജിച്ചിരുന്നു. വില്വമംഗലത്തു സ്വാമിയാരാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. വാഴമുട്ടം വിഷ്ണു ക്ഷേത്രത്തിന് അഞ്ചുനൂറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ നിര്‍മ്മാണം കഴിഞ്ഞിട്ട് 150-ഓളം വര്‍ഷങ്ങളായി.
ബുദ്ധജൈനമതങ്ങളുടെ പ്രചാരം വിളിച്ചറിയിക്കുന്ന സ്മാരകങ്ങളായ സര്‍പ്പക്കാവുകളും കുളങ്ങളും ഇന്നും ഈ പഞ്ചായത്തിൽ നിലനിൽക്കുന്നു. നരിയാപുരം പെരുന്തിട്ടമഠം കാവില്‍ ഒരു ബുദ്ധവിഗ്രഹം കാണാം. ഭുവനേശ്വരത്ത് പുനലൂരില്‍ നിന്നും വന്ന പുല്ലൂര്‍ കുറുപ്പന്മാരുടെ കളരിയും, വാഴമുട്ടത്ത് തേവലശ്ശേരി പറമ്പില്‍ കാവും കളരിത്തറയും ഇന്നും ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
സ്വാതന്ത്ര്യസമരവും പ്രമുഖ വ്യക്തിത്വങ്ങളും
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നിരവധി ദേശാഭിമാനികള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. കൈപ്പട്ടൂര്‍ വല്യ വീട്ടില്‍ കുടുംബത്തിലെ ഡേവിഡ് വി ജോര്‍ജ്ജ് അവരില്‍ പ്രധാനിയാരുന്നു. ഡോ. ജി രാമചന്ദ്രന്റെ സാന്നിദ്ധ്യവും സഹകരണവുമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. ഇരട്ടിയാണിക്കല്‍ വീട്ടില്‍ ശ്രീമാന്‍ എന്‍ ഗോപാലകൃഷ്ണന്‍ നായർ IAS, കൈനികര ഇല്ലത്തെ ദേവകി അന്തര്‍ജനം, സി കെ ഹരിചന്ദ്രന്‍ നായര്‍ MLA, സി കെ ശശാങ്കന്‍ നായര്‍ MLA എന്നിവർ ഈ നാടിന്റെ അഭിമാനങ്ങളാണ്.
ഭൂപ്രകൃതി & അതിരുകൾ
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിന് 7 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വള്ളിക്കോട്. ചെറുകുന്നുകളും താഴ്വരകളും അടക്കം വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗൃഹീതമാണ് ഈ പ്രദേശം.
ഭൂപ്രകൃതി അനുസരിച്ചുള്ള 7 മേഖലകൾ
മണ്‍തരങ്ങൾ
മണല്‍, ചരല്‍മണ്ണ്, ചെമ്മണ്ണ്, വെട്ടുകല്‍മണ്ണ്, ചെളിമണ്ണ് എന്നിവയാണ് പ്രധാന മണ്‍തരങ്ങള്‍. കിഴക്കന്‍ മേഖലകളില്‍ ചരല്‍മണ്ണും ചെമ്മണ്ണും, വയലുകളിൽ പശിമരാശി മണ്ണും, തീരസമതലങ്ങളില്‍ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണും കാണപ്പെടുന്നു.
ജലസമ്പത്ത്
വടക്കേ അതിരിലൂടെ ഒഴുകുന്ന 15 കി.മീ ദൂരമുള്ള അച്ചന്‍കോവിലാറും, ചെറുതും വലുതുമായ 41 തോടുകളും, നിരവധി കുളങ്ങളുമാണ് ഈ പഞ്ചായത്തിന്റെ പ്രധാന ജലസമ്പത്ത്.